Month: സെപ്റ്റംബർ 2019

ഐക്യത

1722 ല്‍, ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കില്‍ ജീവിച്ചിരുന്ന, ഒരു ചെറിയ സംഘം മൊറേവിയന്‍ വിശ്വാസികള്‍, പീഡനത്തില്‍ നിന്നു രക്ഷനേടി ഉദാരമനസ്‌കനായ ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ എസ്റ്റേറ്റില്‍ അഭയം പ്രാപിച്ചു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍, 300 ലധികം ആളുകള്‍ വന്നെത്തി. എന്നാല്‍ പീഡയനുഭവിച്ച അഭയാര്‍ത്ഥികളുടെ ആദര്‍ശവാദികളായ ഒരു സമൂഹത്തിനു പകരം, അവരുടെയിടയില്‍ അനൈക്യം പടര്‍ന്നു പിടിച്ചു. ക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്പ്പാടുകള്‍ വിഭാഗിയതയ്ക്കു കാരണമായി. അവര്‍ എടുത്ത അടുത്ത ചുവട് നിസ്സാരമായി തോന്നിയാലും അതൊരു ആശ്ചര്യകരമായ ഉണര്‍വ്വിനു തുടക്കമായി. തങ്ങളുടെ വിഭാഗീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം തങ്ങള്‍ക്ക് ഐക്യമായുള്ള കാര്യത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലം ഐക്യതയായിരുന്നു.

അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികളെ ഐക്യതയില്‍ ജീവിക്കുവാന്‍ ശക്തമായി പ്രബോധിപ്പിക്കുന്നു. പാപം എല്ലായ്പ്പോഴും പ്രശ്നങ്ങളും സ്വാര്‍ത്ഥ ആഗ്രഹങ്ങളും ബന്ധങ്ങളില്‍ കലഹവും ഉളവാക്കും. എന്നാല്‍ 'ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കപ്പെട്ടവര്‍' എന്ന നിലയില്‍ എഫെസ്യവിശ്വാസികള്‍ തങ്ങളുടെ പുതിയ സ്വത്വം പ്രായോഗിക തലത്തില്‍ ജീവിച്ചുകാണിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (എഫെസ്യര്‍ 5:2). പ്രാഥമികമായി, അവര്‍ 'ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കുവാന്‍ ശ്രമിക്കണം' (4:3).

ഈ ഐക്യത മാനുഷിക ശക്തിയില്‍ നേടിയെടുക്കുന്ന കേവലം സഹവര്‍ത്തിത്വം അല്ല. നാം 'സൗമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും' ആണു വേണ്ടത് (വാ. 2). മാനുഷിക വീക്ഷണത്തില്‍, ഈ വിധത്തില്‍ പ്രവര്‍ത്തിക്കുക അസാധ്യമാണ്. നമ്മുടെ സ്വന്ത ശക്തിയാല്‍ ഐക്യതയിലെത്തുവാന്‍ കഴികയില്ല, മറിച്ച് 'നമ്മില്‍ വ്യാപരിക്കുന്ന' ദൈവത്തിന്റെ 'അത്യന്തവ്യാപാര ശക്തിയാല്‍' ആണ് അതു സാധിക്കുന്നത് (3:20).

എന്തു വിലകൊടുക്കേണ്ടി വന്നാലും

'പൗലൊസ്, ക്രിസ്തുവിന്റെ അപ്പൊസ്തലന്‍' എന്ന സിനിമ, സഭയുടെ ആരംഭകാലത്തെ പീഡനങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും യേശുവിനെ അനുഗമിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന് വെളിപ്പെടുത്തുന്നു. ക്രെഡിറ്റില്‍ കൊടുത്തിരിക്കുന്ന ഈ റോളുകള്‍ ശ്രദ്ധിക്കുക: അടിയേറ്റ സ്ത്രീ, അടിയേറ്റ പുരുഷന്‍, ക്രിസ്തീയ ഇര 1, 2, 3.

ക്രിസ്തുവനോട് അനുരൂപപ്പെടുന്നത് പലപ്പോഴും വലിയ വിലകൊടുക്കേണ്ടതായിരുന്നു. ലോകത്തിന്റെ മിക്കയിടങ്ങളിലും ഇന്നും യേശുവിനെ അനുഗമിക്കുന്നത് അപകടകരമാണ്. ഇന്നത്തെ അനേക സഭകളും അത്തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നിരുന്നാലും നമ്മില്‍ ചിലര്‍, നമ്മുടെ വിശ്വാസം പരിഹസിക്കപ്പെടുമ്പോഴും നമ്മുടെ വിശ്വാസം നിമിത്തം ഒരു സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു എന്നു സംശയിക്കുമ്പോഴും, 'പീഡിപ്പിക്കപ്പെടുന്നു' എന്നു അപക്വമായി ചിന്തിക്കുന്നവരാണ്.

എന്നാല്‍ നമ്മുടെ സമൂഹിക പദവി ബലികഴിക്കുന്നതും നമ്മുടെ ജീവിതം ബലികഴിക്കുന്നതും തമ്മില്‍ ബൃഹത്തായ വ്യത്യാസമുണ്ട് എന്നതു വ്യക്തമാണ്. അതിനു വിപരീതമായി വ്യക്തി താല്‍പ്പര്യങ്ങള്‍, സാമ്പത്തിക സ്ഥിരത, സാമൂഹിക അംഗീകാരം എന്നിവ എല്ലാക്കാലത്തും മനുഷ്യന്റെ തീവ്രമായ അഭിലാഷങ്ങളാണ്. യേശുവിന്റെ ആദ്യകാല ശിഷ്യന്മാരില്‍ ചിലരുടെ പെരുമാറ്റത്തില്‍ ഇക്കാര്യം നാം കാണുന്നുണ്ട്. അപ്പൊസ്തലനായ യോഹന്നാല്‍ രേഖപ്പെടുത്തുന്നത്, യേശുവിന്റെ ക്രൂശീകരണത്തിന് കേവലം ദിവസങ്ങള്‍ക്കു മുമ്പ്, അനേക യെഹൂദന്മാരും അവനെ തിരസ്‌കരിച്ചിട്ടും (യോഹ. 12:37), 'പ്രമാണികളില്‍ തന്നേയും അനേകര്‍ അവനില്‍ വിശ്വസിച്ചു' (വാ. 42). അവര്‍ 'പള്ളിഭ്രഷ്ടര്‍ ആകാതിരിക്കുവാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റു പറഞ്ഞില്ലതാനും. അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു' (വാ. 42-43).

ഇന്നും ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ ഒളിപ്പിച്ചുവയ്ക്കാന്‍ തക്കവണ്ണം സാമൂഹിക സമ്മര്‍ദ്ദം (ചിലപ്പോള്‍ അതിലധികവും) നാം നേരിടുന്നുണ്ട്. എന്തു വില കൊടുക്കേണ്ടിവന്നാലും മനുഷ്യരുടെ മാനത്തെക്കാളധികം ദൈവത്താലുള്ള അംഗീകാരം അന്വേഷിക്കുന്നവരായി നമുക്ക് ഒരുമിച്ചു നില്‍ക്കാം.

നാം എന്തു ചെയ്താലും

'സന്തോഷത്താല്‍ ആശ്ചര്യാധീനനാകുക' (സര്‍പ്രൈസ്ഡ് ബൈ ജോയ്) എന്ന തന്റെ ഗ്രന്ഥത്തില്‍ സി. എസ്. ലൂയിസ്, താന്‍ പതിമൂന്നാമത്തെ വയസ്സില്‍ ക്രിസ്ത്യാനിത്വത്തിലേക്കു വന്നത്, 'കൈകാലിട്ടടിച്ചും എതിര്‍ത്തും നീരസപ്പെട്ടും രക്ഷപ്പെടാനുള്ള അവസരത്തിനായി എല്ലാം ദിശയിലേക്കും കണ്ണെറിഞ്ഞും'' കൊണ്ടാണെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ലൂയിസിന്റെ വ്യക്തിപരമായ ഏതിര്‍ത്തുനില്‍പ്പും പരാജയങ്ങളും നേരിട്ട തടസ്സങ്ങളും ഉണ്ടായിട്ടും കര്‍ത്താവ് അദ്ദേഹത്തെ വിശ്വാസത്തിന്റെ ധീരനും ക്രിയാത്മകവുമായ സംരക്ഷകനാക്കി രൂപാന്തരപ്പെടുത്തി. അദ്ദേഹത്തിന്റെ മരണത്തിന് അമ്പത്തഞ്ചിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും അനേകര്‍ വായിക്കുകയും പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ലേഖനങ്ങളിലൂടെയും നോവലുകളിലൂടെയും ലൂയിസ് ദൈവിക സത്യവും സ്നേഹവും വിളംബരം ചെയ്തു. ഒരു വ്യക്തി 'ഒരു പുതിയ ലക്ഷ്യം വയ്ക്കുന്നതിനോ ഒരു പുതിയ സ്വപ്നം കാണുന്നതിനോ കഴിയാത്തവിധം ഒരിക്കലും വൃദ്ധനാകുന്നില്ല' എന്ന തന്റെ വിശ്വാസം അദ്ദേഹം തന്റെ ജീവിതത്തിലുടെ പ്രദര്‍ശിപ്പിച്ചു.

നാം പദ്ധതികള്‍ തയ്യാറാക്കുകയും സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്യുമ്പോള്‍, നമ്മുടെ താല്പര്യങ്ങളെ ശുദ്ധീകരിക്കുവാനും നാം ചെയ്യുന്ന കാര്യങ്ങളെ അവനുവേണ്ടിയുള്ളതാക്കുവാനും ദൈവത്തിനു കഴിയും (സദൃ. 16:1-3). ഏറ്റവും സാധാരണമായ പ്രവൃത്തികള്‍ മുതല്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ വരെ, 'സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്ന' (വാ. 4) നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ മഹത്വത്തിനായി ജീവിക്കാന്‍ നമുക്കു കഴിയും. അവന്‍ നമ്മെ കാത്തു പാലിക്കുമ്പോള്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഓരോ വാക്കും ഓരോ ചിന്തയും പോലും ഹൃദയംഗമായ ആരാധനയുടെയും നമ്മുടെ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്ന ത്യാഗോജ്വല യാഗത്തിന്റെയും പ്രകടനമായി മാറും (വാ. 7).

നമ്മുടെ പരിമിതികൊണ്ടും നമ്മുടെ വൈമനസ്യം കൊണ്ടും അല്ലെങ്കില്‍ ചെറിയ സ്വപ്നങ്ങള്‍ കാണുന്നതിനോ ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നതിനോ ഉള്ള നമ്മുടെ പ്രവണത കൊണ്ടും ദൈവം പരിമിതപ്പെട്ടുപോകുന്നില്ല. നാം അവനുവേണ്ടി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍-അവനുവേണ്ടി സമര്‍പ്പിതരും അവനില്‍ ആശ്രയിക്കുന്നവരും- നമുക്കുവേണ്ടിയുള്ള തന്റെ പദ്ധതികള്‍ അവന്‍ നടപ്പിലാക്കും. നാം ചെയ്യുന്നതെല്ലാം അവനോടൊപ്പവും അവനുവേണ്ടിയും അവന്‍ കാരണം മാത്രവും നാം ചെയ്യും.

നാവിനെ മെരുക്കുന്നവര്‍

'വെസ്റ്റ് വിത്ത് ദി നൈറ്റ്' എന്ന ഗ്രന്ഥത്തില്‍ എഴുത്തുകാരിയായ ബെറില്‍ മര്‍ഖാം തന്റെ ഭയങ്കരനായ കുതിര കാമിസ്‌കാനെ മെരുക്കുന്നതിനായുള്ള തന്റെ ശ്രമത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. കാമിസ്‌കാനുമായി തന്റെ പൊരുത്തം അവള്‍ കണ്ടെത്തി. എങ്കിലും ഏതെല്ലാം തന്ത്രങ്ങള്‍ അവള്‍ നടപ്പാക്കിയിട്ടും, അഭിമാനിയായ കുതിരയെ ഒരിക്കലും പൂര്‍ണ്ണമായി മെരുക്കാന്‍ കഴിഞ്ഞില്ല, അവന്റെ ശാഠ്യ ഇച്ഛയുടെമേല്‍ ശ്രദ്ധേയമായ ഒരു വിജയം മാത്രമേ നേടാനായുള്ളു.

നമ്മില്‍ എത്രപേര്‍ക്ക് നാവിനെ മെരുക്കാനുള്ള പോരാട്ടത്തില്‍ ഇങ്ങനെ അനുഭവപ്പെടാറുണ്ട്? നാവിനെ കുതിരയുടെ വായിലെ കടിഞ്ഞാണിനോടോ അല്ലെങ്കില്‍ കപ്പലിന്റെ ചുക്കാനോടോ ഉപമിച്ചുകൊണ്ട് (യാക്കോബ് 3:3-5) യാക്കോബ് വിലപിക്കുന്നത് 'ഒരു വായില്‍നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ
ആയിരിക്കുന്നതു യോഗ്യമല്ല'' (വാ. 10).

എങ്കില്‍ എങ്ങനെ നമുക്ക് നാവിന്മേലുള്ള പോരാട്ടത്തില്‍ ജയം പ്രാപിക്കാനാവും? നാവിനെ മെരുക്കാനുള്ള വഴി അപ്പൊസ്തലനായ പൗലൊസ് ഉപദേശിക്കുന്നു. ഒന്നാമത്, സത്യം മാത്രം സംസാരിക്കുക (എഫെസ്യര്‍ 4:25). എന്നിരുന്നാലും ബുദ്ധിശൂന്യമായി സംസാരിക്കാനുള്ള അനുമതിയല്ല ഇത്. 'കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്' (വാ. 29) എന്നു പൗലൊസ് പുറകെ പറയുന്നു. പ്രയോജനരഹിതമായവ നാം മാറ്റിക്കളയണം: 'എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ' (വാ. 31). ഇതെളുപ്പമാണോ? നമ്മുടെ സ്വന്ത കഴിവില്‍ അതിനു ശ്രമിച്ചാല്‍ അതെളുപ്പമല്ല. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മെ സഹായിക്കാന്‍ സന്നദ്ധനായ പരിശുദ്ധാത്മാവു നമുക്കുള്ളതിനു നന്ദി.

മര്‍ഖാം പഠിച്ചതുപോലെ, കാമിസ്‌കാന്റെ മുമ്പില്‍ സ്ഥിരോത്സാഹിയായിരിക്കുക എന്നതാണ് ഇച്ഛകളുടെ പോരാട്ടത്തില്‍ അനിവാര്യമായിരിക്കുന്നത്. നാവിനെ മെരുക്കുന്ന കാര്യത്തിലും അതു തന്നെയാണ് വേണ്ടത്.

എക്കാലത്തെക്കാളും മികച്ചത്

പാരീസിലെ നോത്രദാം കത്തീഡ്രല്‍ ഒരു മനോഹരമായ കെട്ടിടമാണ്. അതിന്റെ ശില്‍പ്പഭംഗി ഹൃദയാവര്‍ജ്ജകവും വര്‍ണ്ണച്ചില്ലുപാകിയ ജനലുകളും മനോഹരമായ അകത്തളങ്ങളും ആകര്‍ഷകവുമാണ്. എങ്കിലും നൂറ്റാണ്ടുകള്‍ പാരീസ് പ്രകൃതി ഭംഗിക്കുമേല്‍ തലയുയര്‍ത്തി നിന്നശേഷം അതിന് പുതുക്കിപ്പണി ആവശ്യമായി വന്നു-മഹത്തായ പുരാതന കെട്ടിടത്തിന് അഗ്‌നിയില്‍ വന്‍നാശം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതുക്കിപ്പണി വേണ്ടി വന്നത്.

അങ്ങനെ എട്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ കെട്ടിടത്തെ സ്നേഹിക്കുന്ന ആളുകള്‍ അതിനെ രക്ഷിച്ചെടുക്കാന്‍ വന്നുകൊണ്ടിരിക്കുന്നു. കെട്ടിങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നൂറു കോടിയിലധികം ഡോളര്‍ ശേഖരിച്ചുകഴിഞ്ഞു. കല്ലുകൊണ്ടുള്ള അടിത്തറ പുതുക്കണം. കേടുവന്ന ഉള്‍ഭാഗവും അതിന്റെ കരകൗശല വേലകളും പുനഃസ്ഥാപിക്കണം. എന്നിരുന്നാലും അധ്വാനം പ്രയോജനകരമാണ്, കാരണം അനേകരെ സംബന്ധിച്ച് ഈ പുരാതന കത്തീഡ്രല്‍ പ്രത്യാശയുടെ പ്രതീകമാണ്.

കെട്ടിടത്തെ സംബന്ധിച്ചു സത്യമായ കാര്യം നമ്മെ സംബന്ധിച്ചും സത്യമാണ്. പുരാതന പള്ളിപോലെ നമ്മുടെ ശരീരം കാലക്രമേണ ക്ഷയിക്കും. എന്നാല്‍ അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നതുപോലെ നമുക്കൊരു സദ്വാര്‍ത്തയുണ്ട് - ക്രമേണ നമുക്ക് യൗവനത്തിന്റെ പ്രസരിപ്പു നഷ്ടപ്പെട്ടാലും നാം ആരാണെന്ന കാതല്‍ - നമ്മുടെ ആത്മിക മനുഷ്യന്‍ - തുടര്‍ന്നും പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുവാനും വളരുവാനും കഴിയും (2 കൊരിന്ത്യര്‍ 4:16).
''കര്‍ത്താവിനെ പ്രസാദിപ്പിക്കുക' എന്നതു നമ്മുടെ ലക്ഷ്യമാകുമ്പോള്‍ (5:9) അതു നിവര്‍ത്തിയാക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാനും നാം പരിശുദ്ധാത്മാവില്‍ ആശ്രയിക്കും (3:18; എഫെസ്യര്‍ 5:18). നമ്മുടെ 'കെട്ടിടം' എങ്ങനെ പുറമെ കാണപ്പെട്ടാലും നമ്മുടെ ആത്മിക വളര്‍ച്ച ഒരു കാലത്തും നിര്‍ത്തേണ്ട കാര്യമില്ല.